കുന്നംകുളം നഗരസഭയുടെ ഈ വർഷത്തെ ബഡ്ജറ്റിലെ പ്രധാന വിഷയം ” കുന്നംകുളത്തെ ഒരു സംരംഭക നഗരമാക്കി മാറ്റും ” എന്നുള്ളതാണ്. ഇക്കാര്യത്തെ സംബന്ധിച്ചു പഠിക്കുന്നതിനു വേണ്ടി തൃശ്ശൂർ കേരള വർമ്മ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം വിദ്യാർത്ഥികൾ കഴിഞ്ഞ ഒരാഴ്ചയായി കുന്നംകുളത്ത് താമസിച്ചു കടകളിലും വീടുകളിലും സന്ദർശിച്ചു സർവ്വേ നടത്തി വരികയായിരുന്നു.

വട്ടകണ്ണി വ്യവസായം, ബുക്ക് ബൈൻഡിങ്,പ്രിന്റിംഗ്, ക്രിസ്സ്മസ് നക്ഷത്ര നിർമാണം തുടങ്ങി നിരവധി ചെറുകിട വ്യവസായ സംരംഭങ്ങൾ കുന്നംകുളത്ത് ഉണ്ടായിരുന്നു. നിലവിൽ ഇത്തരം സംരംഭങ്ങൾക്ക് സംഭവിച്ച കുറവുകൾ പുതിയ സംരംഭങ്ങൾ ഇനിയുള്ള സാധ്യതകൾ അതിൽ സർക്കാരും നഗരസഭയും ചെയ്യേണ്ട പ്രവർത്തനങ്ങൾ എന്നിവയോടൊപ്പം മുസാവരി ബംഗ്ലാവും കലാമണ്ഡലവും, ക്രിസ്ത്യൻ പള്ളികളും, മുനിമടകൾ തുടങ്ങി കുന്നംകുളത്തിന്റെ ചരിത്രവും ഇവരുടെ പഠന വിഷയമായിരുന്നു. 28 ആം തിയ്യതി വരെ പഠന സംഘം കുന്നംകുളത്ത് ഉണ്ടാവും. വിശദമായ പഠന റിപ്പോർട്ട് അവർ നഗരസഭയെ ഏല്പിക്കും.

