മുല്ലശേരി കാരായി റോഡിന് സമീപം താമസിക്കുന്ന ചക്കക്കണ്ടം സ്വദേശി കുണ്ടുവീട്ടിൽ സരീഷാണ് (48) അറസ്റ്റിലായത്.
മുല്ലശേരി മങ്ങനാട് വീട്ടിൽ കുമാരനാണ് വെട്ടേറ്റത്. കുമാരന്റെ മകൻ ശശത് നേരത്തെ സരീഷിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കുമാരനെ വെട്ടി പരുക്കേൽപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
വെട്ടുകത്തി ഉപയോഗിച്ച് തലയിലും കൈമുട്ടിലുമാണ് വെട്ടിയത്. തലയിലും കാലിലുമായി 20 തുന്നലുകളുണ്ട്. ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ 16ന് രാത്രി പത്തിനാണ് സംഭവം. വെട്ടേറ്റയാളും പ്രതിയും അയൽക്കാരനാണ്. ബന്ധുക്കളുമാണ്.
സംഭവദിവസം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായതായും ഇതാണ് പിന്നീട് അക്രമത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. കുമാരന്റെ ഭാര്യയും മക്കളുടെയും നേര്ക്കും അക്രമം ഉണ്ടായതായി പരാതിയുണ്ട്.
ഇൻസ്പെക്ടർ ആൻണി ജോസഫ് നെറ്റോ, സബ് ഇൻസ്പെക്ടർ എം.മഹേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
