കുന്നംകുളം നഗരസഭാ പരിധിയിൽ ഉത്തരവുകളും നിബന്ധനകളും ലംഘിച്ച് നടത്തുന്ന അനധികൃത തെരുവ് കച്ചവടങ്ങൾക്കെതിരെ കർശന നടപടിയുമായി കുന്നംകുളം നഗരസഭ.

തെരുവ് കച്ചവടത്തിനായി നഗരസഭ കൃത്യമായി സ്ഥലങ്ങളും പ്രത്യേക നിബന്ധനകളും നിശ്ചയിച്ചു നൽകിയിട്ടുണ്ട്. എന്നാൽ ഇവ കാറ്റിൽപ്പറത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രധാന റോഡരികുകളിലും അനുമതിയില്ലാതെ വ്യാപകമായി കച്ചവടം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനും കാൽനടയാത്രക്കാരുടെ സുരക്ഷാ ഭീഷണിക്കും ഇടയാക്കുന്നുണ്ട്. കൂടാതെ, പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നതും വലിയ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ, ഇനിയും ഇത്തരം നിയമലംഘനങ്ങൾ തുടർന്നാൽ കച്ചവട സാമഗ്രികൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. നഗരത്തിലെ ഗതാഗതസൗകര്യവും ശുചിത്വവും ഉറപ്പുവരുത്താൻ വ്യാപാരികളും പൊതുജനങ്ങളും നഗരസഭയോട് സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
