തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. രതീഷ് കുമാർ ആർ. സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.*
ഇരിങ്ങാലക്കുട : ലഹരിമരുന്ന് കടത്തിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി ചെന്നൈയിലെ കോംപിറ്റന്റ് അതോറിറ്റിയുടെ (SAFEM (FOP)A & NDPSA) നിർണ്ണായക ഉത്തരവ്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. രതീഷ് കുമാർ ആർ. സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, എൻ.ഡി.പി.എസ്. (NDPS) നിയമത്തിലെ 68F വകുപ്പ് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 17,82,000/- രൂപയും ഒരു ഹോണ്ട സിവിക് കാർ, മാരുതി സുസുക്കി സ്വിഫ്റ്റ് കാർ, റോയൽ എൻഫീൾഡ് മോട്ടോർ സൈക്കിൾ എന്നിവയുമാണ് കണ്ടുകെട്ടാൻ ഉത്തരവായത്.
മയക്കുമരുന്ന് കുറ്റവാളികൾ ലഹരി വിൽപ്പനയിലൂടെ ആർജിക്കുന്ന അനധികൃത സമ്പത്ത് ഒളിപ്പിച്ചു വെക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് തടയാനും, അത്തരം സ്വത്തുക്കൾ മരവിപ്പിക്കാനും പിടിച്ചെടുക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതാണ് എൻ.ഡി.പി.എസ്. നിയമത്തിലെ 68F വകുപ്പ്. ലഹരി മാഫിയകളുടെ സാമ്പത്തിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കർശന നിയമനടപടികൾ ശക്തമാക്കിയിട്ടുള്ളത്.
2026 ജൂൺ 25-ന് ‘ഓപ്പറേഷൻ തൂഫാൻ’-ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കയ്പമംഗലത്ത് നിന്ന് അന്താരാഷ്ട്ര വിപണിയിൽ രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന 2.290 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പ്രതികൾ പിടിയിലായത്. കയ്പമംഗലം എസ്.എൻ. റോഡ് കാളമുറി സ്വദേശി പഴൂപറമ്പിൽ വീട്ടിൽ അർജുൻ തമ്പി (29), കൂട്ടാളിയായ കയ്പമംഗലം കൂരിക്കുഴി സ്വദേശി കെട്ടേക്കാട് വീട്ടിൽ അജ്നാസ് (20), 17 വയസ്സുള്ള നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി എന്നിവരെ കയ്പമംഗലം പോലീസും ജില്ലാ ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് സംയുക്തമായാണ് പിടികൂടിയിരുന്നത്.
ഈ കേസിൽ നടത്തിയ തുടരന്വേഷണത്തിലാണ് ഒന്നാം പ്രതിയായ അർജുൻ തമ്പി ലഹരിവ്യാപാരത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് അമ്മയുടെ പേരിൽ വാങ്ങിയ മാരുതി സുസുക്കി സ്വിഫ്റ്റ് കാർ, റോയൽ എൻഫീൾഡ് മോട്ടോർ സൈക്കിൾ, കയ്പമംഗലത്തെ മഴ റെസ്റ്റോറന്റിന്റെ ഷെയർ വാങ്ങുന്നതിനായി ഉടമയ്ക്ക് നൽകിയ 17,82,000/- രൂപ, കൂടാതെ രണ്ടാം പ്രതി അജ്നാസിന്റെ പേരിൽ വാങ്ങിയ ഹോണ്ട സിവിക് കാർ എന്നിവ കണ്ടുകെട്ടിയത്.
അർജ്ജുൻ തമ്പി കൈപ്പമംഗലം, അന്തിക്കാട്, മതിലകം പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസിലും, നാല് വധശ്രമക്കേസിലും, ആയുധ നിയമപ്രകാരമുള്ള ഒരു കേസ്സിലും, ഒരു മോഷണക്കേസിലും അഞ്ച് അടിപിടിക്കേസുകളിലും, പൊതുമുതലിന് നാശം വരുത്തിയ കേസ്സിലും, പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലും അടക്കം ആകെ 21 ക്രമിനൽക്കേസുകളിൽ പ്രതിയാണ്.
