കുന്നംകുളം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ പങ്കുചേർന്ന് കുന്നംകുളം നഗരസഭ. ഫുട്ബോൾ ആരാധകർക്കായി ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കുന്നംകുളം നഗരസഭ ടൗൺ ഹാളിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും.

ബിഗ് സ്ക്രീൻ പ്രദർശനം ആരംഭിക്കുന്നതിന് മുന്നോടിയായി ഫുട്ബോൾ പ്രേമികൾക്കായി ആവേശകരമായ ലോകകപ്പ് പ്രവചന മത്സരവും നഗരസഭ സംഘടിപ്പിച്ചു. ‘ലോകകപ്പ് നേടുന്ന ടീം ഏത്?’, ‘ഗോൾഡൻ ബൂട്ട് ആര് നേടും?’, ‘ഗോൾഡൻ ഗ്ലൗസ് ആര് നേടും?’ എന്നീ മൂന്ന് ചോദ്യങ്ങളാണ് പ്രവചന മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ടൗൺഹാളിൽ പ്രത്യേകം സജ്ജമാക്കിയ ബോക്സിൽ ആരാധകർ തങ്ങളുടെ ഉത്തരങ്ങൾ രേഖപ്പെടുത്തിയ കൂപ്പണുകൾ നിക്ഷേപിച്ചു. മത്സരങ്ങളിൽ കൃത്യമായി പ്രവചിക്കുന്ന ഭാഗ്യശാലികളായ വിജയികൾക്ക് കുന്നംകുളം നഗരസഭയുടെ വകയായി ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യും.

നഗരസഭ ടൗൺഹാളിൽ നടന്ന പ്രവചന മത്സര പരിപാടിയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ പി.ജി. ജയപ്രകാശ് നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ പുഷ്പ ജോണ്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ടി. സോമശേഖരൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആർഷ ജിജു കൌണ്‍സിലര്‍മാരായ ഷാജി ആലിക്കല്‍, ഷജീഷ് കില്ലപ്പന്‍, ഷനോഫ്, എന്നിവരും പങ്കെടുത്തു. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ബിഗ് സ്ക്രീനിൽ തത്സമയം കാണാൻ വൻ ജനപങ്കാളിത്തമാണ് നഗരസഭ പ്രതീക്ഷിക്കുന്നത്.

