promo-banner-main

തെരുവുനായ ശല്യം: കുന്നംകുളം നഗരസഭയിൽ അടിയന്തിര യോഗം ചേർന്നു

കുന്നംകുളം നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം വല്ലാതെ രൂക്ഷമായ സാഹചര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലന്റെ അദ്ധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തെരുവുനായ്ക്കളുടെ വർധനവ് നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് അടിയന്തിര യോഗം വിളിച്ചുചേർത്തത്.

Screenshot

നഗരസഭയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് യോഗം രൂപം നൽകിയിരിക്കുന്നത്.
പ്രധാന തീരുമാനങ്ങൾ:
• നഗരസഭയിലെ പൊതുസ്ഥലങ്ങളിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിരോധിക്കാൻ യോഗം തീരുമാനിച്ചു. പകരം നഗരസഭ പ്രത്യേകം നോട്ടിഫൈ ചെയ്യുന്ന നിശ്ചിത സ്ഥലങ്ങളിൽ മാത്രം ഭക്ഷണം നൽകുന്നത് പ്രോത്സാഹിപ്പിക്കും. പൊതുസ്ഥലങ്ങളിലെ ഭക്ഷണലഭ്യതയാണ് നായ്ക്കൾ പെരുകാൻ പ്രധാന കാരണം.

Screenshot


• നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും ഇറച്ചിമാലിന്യങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷണ അവശിഷ്ടങ്ങൾ തുറസായ സ്ഥലങ്ങളിലും പൊതുഇടങ്ങളിലും ഉപേക്ഷിക്കുന്നവർക്കെതിരെ കേരള മുൻസിപ്പൽ ആക്ട് അനുശാസിക്കുന്ന കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കും. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ മാലിന്യസംസ്കരണം കൃത്യമായി ഉറപ്പുവരുത്തും.

Screenshot


• നഗരസഭാ പരിധിയിലുള്ള സർക്കാർ സ്ഥാപനങ്ങളിലും മറ്റും തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കുന്നതിന്റെ മുന്നോടിയായി എ.ബി.സി (Animal Birth Control) നിയമം അനുശാസിക്കുന്ന പ്രത്യേക കമ്മറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു.

Screenshot


• ചാവക്കാട് നഗരസഭ നിലവിൽ നടപ്പിലാക്കിയ എ.ബി.സി സെന്ററിലേക്ക് കുന്നംകുളം നഗരസഭയിലെ തെരുവുനായ്ക്കളെ കൂടി ഉൾപ്പെടുത്തുന്നതിനായി ജില്ലാ കളക്ടറോട് ആവശ്യപ്പെടും. കൂടാതെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിജയകരമായി നടപ്പിലാക്കിയ തെരുവുനായ പരിപാലന മാതൃകകൾ സന്ദർശിച്ച് പഠിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
ചെയർപേഴ്സന്റെ ചേമ്പറിൽ നടന്ന യോഗത്തിൽ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ പുഷ്പ ജോൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിനി മോൻസി, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി. സോമശേഖരൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആർഷ ബിജു എന്നിവർ പങ്കെടുത്തു. കൂടാതെ, കൌണ്‍സിലര്‍മാരായ ശ്രീജിത്ത് , ഷാജി ആലിക്കല്‍, സോമന്‍ ചെറുകുന്ന് , ഷനോഫ്, ഗീത ശശി, ലെബീബ് ഹസന്‍ എന്നിവരും വെറ്റിനറി ഡോക്ടർമാര്‍, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട്, നഗരസഭ സെക്രട്ടറി, നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply