promo-banner-main

കുന്നംകുളം തുറക്കുളം മാർക്കറ്റ് യാഥാർത്ഥ്യത്തിലേക്ക്; നിർമ്മാണം പുനരാരംഭിക്കാൻ ഐകകണ്ഠ്യേന തീരുമാനം

പല കാരണങ്ങളാൽ മുടങ്ങിക്കിടന്നിരുന്ന കുന്നംകുളം നഗരസഭയുടെ സ്വപ്ന പദ്ധതിയായ തുറക്കുളം മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. പദ്ധതിയുടെ തുടർനടപടികൾക്കായി പുതുക്കിയ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കാൻ നഗരസഭാ കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിച്ചു.
ബി.ഒ.ടി വ്യവസ്ഥയിൽ നിർമ്മാണം ആരംഭിച്ച തുറക്കുളം മാർക്കറ്റ് ചില കോടതി വ്യവഹാരങ്ങളെത്തുടർന്ന് പാതിവഴിയിൽ നിലച്ചുപോവുകയായിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നതിന് യാതൊരു നിയമതടസ്സങ്ങളുമില്ലെന്ന് നഗരസഭയ്ക്ക് നിയമോപദേശം ലഭിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്.
ഇതുവരെ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുറമെ, ഫ്ലോറിംഗ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, പ്ലംബിങ് വര്‍ക്കുകള്‍, സെന്‍ട്രലൈസ്ഡ് എ.സി, പാര്‍ക്കിങ് സൌകര്യം, ഡ്രൈനേജ് ഉള്‍പ്പടെ ബാക്കി പണികൾ പൂർത്തീകരിക്കുന്നതിനായി ഏകദേശം അഞ്ചരക്കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. വായ്പയിലൂടെയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ ഈ തുക കണ്ടെത്തി പണി പൂർത്തിയാക്കാനാണ് നഗരസഭയുടെ ലക്ഷ്യം. പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കുന്ന ചുമതല സർക്കാർ അംഗീകൃത ഏജൻസിയെ ഏൽപ്പിക്കാനും കൗൺസിൽ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
സമയബന്ധിതമായി പദ്ധതി ജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് ചെയർപേഴ്സൺ സൗമ്യ അറിയിച്ചു. രണ്ടുമാസത്തിനകം ഡി.പി.ആർ തയ്യാറാക്കും. തുടർന്ന് ടെൻഡർ നടപടികൾ പൂർത്തിയാക്കി എട്ടു മാസത്തിനുള്ളിൽ മാർക്കറ്റിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നും ചെയർപേഴ്സൺ കൗൺസിലിൽ വ്യക്തമാക്കി. ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ തുറക്കുളം മാർക്കറ്റ് യാഥാർഥ്യമാകുന്നതിന്റെ ആശ്വാസത്തിലാണ് കുന്നംകുളം നിവാസികൾ.

Leave a Reply