promo-banner-main

യുവതിയെ കൊലപ്പെടുത്താൻ പെൺവേഷം ധരിച്ച് ഗുരുവായൂരിൽ എത്തിയ യുവാവ് ഉൾപ്പെടെ അഞ്ചംഗ സംഘം പിടിയിൽ.

ഇടുക്കി തൊടുപുഴ മറ്റം ചോലമറ്റത്തിൽ 43 വയസ്സുള്ള പ്രസാദ്, ഒറ്റപ്പിലാക്കൽ വീട്ടിൽ 23 വയസ്സുള്ള ആദർശ്, തൈപ്പറമ്പിൽ 30 വയസ്സുള്ള ബിനീഷ് , തെങ്ങിൽ വീട്ടിൽ 24 വയസ്സുള്ള ഷാഹിദ് അലി, കാരക്കുന്നേൽ വീട്ടിൽ 32 വയസ്സുള്ള സ്റ്റെഫിൻ എന്നിവരാണ് ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പിടിയിലായത്. പോലീസ് പട്രോളിങ്ങിനിടെ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന പ്രസാദിനെയാണ് സ്ത്രീ വേഷം ധരിച്ച് പോലീസ് ആദ്യം കണ്ടത്. ഒപ്പം ആദർശും ഉണ്ടായിരുന്നു. തുടർന്ന് രണ്ടു പേരേയും പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോൾ പ്രസാദ് തൊടുപുഴ സ്വദേശിയാണെന്നും നിരവധി കേസുകളിൽ പ്രതിയാണെന്നും വ്യക്തമായി. തൃശൂരിലെ ജോലിചെയ്യുന്ന സുഹൃത്തായ യുവതിയെ കാണാനായി ഗുരുവായൂരിൽ എത്തിയതാണെന്നാണ് ഇയാൾ മൊഴി നൽകിയത്. സ്ത്രീ വേഷം ധരിച്ചത് എന്തിനാണെന്ന് ചോദ്യത്തിന് സുഹൃത്തായ യുവതി, സ്ത്രീകൾ മാത്രമുള്ള ഫ്ലാറ്റിലാണ് താമസിക്കുന്നതെന്നും ഈ ഫ്ലാറ്റിൽ പ്രവേശിക്കുന്നതിനു വേണ്ടിയാണ് സ്ത്രീ വേഷം ധരിച്ചതെന്നും ഇയാൾ മറുപടി നൽകി. ഇയാളുടെ മറുപടിയിൽ സംശയം തോന്നിയ പോലീസ് നഗരത്തിൽ നടത്തിയ പരിശോധനയിൽ തൊടുപുഴ രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ കണ്ടെത്തി. കാറിൽ 3 പേരാണ് ഉണ്ടായിരുന്നത്. കാറിൽ നടത്തിയ പരിശോധനയിൽ 16 ഗ്രാം കഞ്ചാവും കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തപ്പോൾ നേരത്തെ പിടിയിലായ പ്രസാദിൻ്റെയും ആദർശിൻ്റെയും സുഹൃത്തുക്കളാണെന്ന് മറുപടി നൽകി. സ്പായിൽ ജോലി ചെയ്യുന്ന യുവതിയും പ്രസാദും തമ്മിൽ മുമ്പ് അടുപ്പത്തിലായിരുന്നുവെന്നും കുറച്ചുകാലമായി ഇരുവരും പിരിഞ്ഞു കഴിയുകയാണെന്നും ഇവർ പോലീസിനു മൊഴി നൽകി. ഇപ്പോൾ യുവതി തൃശൂരിൽ മറ്റൊരു യുവാവുമായി അടുപ്പത്തിലാണെന്ന് വിവരം ലഭിച്ചതോടെ യുവതിയെ വക വരുത്താനാണ് പ്രസാദ് ഗുരുവായൂരിൽ എത്തിയതെന്ന് പോലീസിന് മനസ്സിലായി. ഇതോടെ പോലീസ് യുവതിയുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടത്തി. യുവതിയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച പോലീസ് യുവതിയെ കണ്ടെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. പ്രസാദിനെ ഭയന്ന്
കൊണ്ടാണ് തൃശ്ശൂരിൽ നിന്നും മാറി ഗുരുവായൂരിൽ താമസിക്കുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. തുടർന്ന് യുവതിയെ വിട്ടയച്ച ശേഷം കസ്റ്റഡിയിലുള്ള 5 പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുരുവായൂർ വിനോദ് വലിയാറ്റൂരിൻ്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒമാരായ ഗഗേഷ്, സന്തീഷ്, സി.പി.ഒമാരായ റമീസ്, സലിം, സാജൻ, ശ്രീജ, നീതു, രഞ്ജിത്ത്, ഡാൻസ് ഓഫ് അംഗങ്ങളായ എസ്. ശരത്ത് കെ. ആശിഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Leave a Reply