promo-banner-main

ചാവക്കാട്: തൊഴിൽ വാഗ്ദാനം ചെയ്ത് സ്വർണവും പണവും തട്ടിയ പ്രതി പിടിയിൽ.

ചാവക്കാട് കെട്ടിട നിർമാണ ജോലിക്ക് കൊണ്ടുപോയി തമിഴ്നാട് സ്വദേശിയുടെ സ്വർണവും പണവും തട്ടിയെടുത്ത കേസിലെ പ്രതി പിടിയിലായി. കോഴിക്കോട് പെരുമണ്ണ, പൂവാട്ട് പറമ്പ് പ്രശാന്ത് (43) നെയാണ് എറണാകുളം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരം തട്ടിപ്പുകാരനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

ഉലുങ്കൽ പേട്ട, പൂമാങ്കാങ്കം സ്വദേശി എം. കുപ്പുസാമി (60)യുടെ 4 ഗ്രാം തൂക്കം വരുന്ന മോതിരവും 5000 രൂപയുമാണ് നഷ്ടപ്പെട്ടത്. 30 വർഷമായി ബ്ലാങ്ങാട് സിദ്ധിക് പള്ളിക്ക് സമീപം താമസിക്കുന്ന കുപ്പുസാമി പതിവ് പോലെ തൊഴിൽ തേടി ചാവക്കാട് എത്തിയതായിരുന്നു.

35-40 വയസ് തോന്നിക്കുന്ന തടിച്ച യുവാവ് കുപ്പുസാമിയെ പണിക്ക് കൊണ്ടുപോയി. ചേറ്റുവ റോഡിലെ നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം ചാല് കീറാൻ തുടങ്ങുമ്പോൾ കുപ്പുസാമി വിരലിലെ മോതിരം ഊരി പണമടങ്ങുന്ന പേഴ്സിൽ വച്ച് അരയിൽ കെട്ടി.

ഇത് കണ്ട യുവാവ് മുണ്ടും പേഴ്സും സമീപത്തെ കല്ലിൽ വച്ച് പണി ചെയ്യാൻ നിർദ്ദേശിച്ചു. പണി നടക്കുന്നതിനിടെ കുപ്പുസാമിയെ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിയ യുവാവ്, രൂപയും മോതിരവും അടങ്ങുന്ന പേഴ്സ് കെട്ടിവച്ചിരുന്ന മുണ്ടുമായി കടന്നുകളയുകയായിരുന്നു. സംഭവം കഴിഞ്ഞ ദിവസം രാവിലെയാണ്.

പരാതിയെ തുടർന്ന് ചാവക്കാട് പോലീസ് സംഭവസ്ഥലത്തെ സിസിടിവി ക്യാമറ പരിശോധിച്ചു. തട്ടിപ്പുകാരന്റെ ദൃശ്യങ്ങൾ വ്യക്തമായി ലഭിച്ചു. ചിത്രങ്ങൾ ശേഖരിച്ച് വിവിധ സ്റ്റേഷനുകളിലേക്ക് അയച്ചപ്പോൾ പ്രതി കോഴിക്കോട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതി എറണാകുളം റെയിൽവേ പോലീസിന്റെ പിടിയിലായി. പ്രതിയെ അടുത്ത ദിവസം ചാവക്കാട് പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply