വാടാനപ്പള്ളി : പൊതുസ്ഥലത്ത് യാത്രാതടസ്സം സൃഷ്ടിക്കുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്ത ബസ് ജീവനക്കാരെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരായ കാഞ്ഞാണി ആനക്കാട് സ്വദേശി പള്ളിപ്പാട്ട് വീട്ടിൽ ശരത്ത് വിഷ്ണു (24) മണലൂർ സ്വദേശി തുരുത്തി വീട്ടിൽ അഖിൽ (24), അരിമ്പൂർ കരുവാൻ വളവ് സ്വദേശി കോലാട്ട് വീട്ടിൽ പ്രശാന്തൻ (30) എന്നിവരാണ് അറസ്റ്റിലായത്.ഇന്ന് (22.07.2026) പകൽ 11:55-ഓടെയാണ് സംഭവം. വാടാനപ്പള്ളി സെന്ററിലെ തൃശൂർ റോഡിൽ തൃശൂർ ബസ് സ്റ്റോപ്പിന് സമീപം വച്ച്, കൊടുങ്ങല്ലൂർ - തൃശൂർ റൂട്ടിലോടുന്ന 'വഴിനടക്കൽ' ബസിലെയും തൃശൂർ - തൃപ്രയാർ റൂട്ടിലോടുന്ന 'തേവർ കർണ്ണൻ' ബസിലെയും ജീവനക്കാർ മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും മാർഗ്ഗതടസ്സം സൃഷ്ടിക്കും വിധം പബ്ലിക് റോഡിൽ എൻജിൻ ഓഫ് ചെയ്ത് ബസുകൾ നിർത്തിയിട്ട് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പട്രോളിഗ് ഡ്യൂട്ടിയിലായിരുന്ന വാടാനപ്പള്ളി പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് ഗതാഗതം പുന:സ്ഥാപിച്ചത്. പ്രതികൾക്കെതിരെ പൊതുസ്ഥലത്ത് ജനങ്ങൾക്ക് ഭീതിയും ശല്യവും ഉണ്ടാക്കുന്ന വിധം അടികൂടിയതിനും, റോഡിൽ ബസുകൾ നിർത്തിയിട്ട് മറ്റ് വാഹനങ്ങൾക്ക് മാർഗ്ഗതടസ്സം സൃഷ്ടിച്ചതിനുമാണ് വാടാനപ്പള്ളി പോലീസ് കേസെടുത്തിട്ടുള്ളത്. വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ലാൽസൺ യു.സി ജി.എസ്.സി.പി.ഒ ലെനിൻ, സി.പി.ഒ നൗഫൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വാടാനപ്പള്ളിയിൽ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി: ബസ് ജീവനക്കാരായ മൂന്ന് പേർ അറസ്റ്റിൽ
