കുന്നംകുളം പൂശപ്പിള്ളിയിൽ പ്രവർത്തിക്കുന്ന അനധികൃത പടക്ക നിർമ്മാണശാലകൾക്ക് പോലീസിന്റെ ഒത്താശ. ഡി ജി പിക്കും പെസ്സോക്കും പരിസരവാസികൾ നൽകിയ പരാതിയെ തുടർന്ന് പേരിനൊരു റെയ്ഡ് നടത്തി പോലീസ് കൈ കഴുകി
പൂശപ്പിള്ളിയിൽ മാത്രം ഒരു ഡസനോളം വീടുകളിൽ നിർമ്മാണം പൂർത്തീകരിച്ച പടക്കങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും, നാലോളം അനധികൃത നിർമ്മാണശാലകൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നു എന്നും കാണിച്ച് നൽകിയ പരാതികളുടെ പുറത്താണ് ഇന്നലെ റെയ്ഡ് നടന്നത്.
നിർമ്മാണശാലയുടെ ഉടമയെ സംരക്ഷിക്കുന്ന രീതിയിൽ ഒരിടത്ത് മാത്രം പരിശോധന നടത്തിയ പോലീസ് പേരിന് കുറച്ച് പടക്കങ്ങൾ പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. പരിശോധനയിൽ ലൈസൻസില്ലാതെയാണ് പടക്കങ്ങൾ സംഭരിച്ചിരുന്നതെന്ന് തെളിഞ്ഞു, പടക്കങ്ങൾ സംഭരിച്ച മറ്റ് വീടുകളിലോ അനധികൃത നിർമ്മാണ ശാലകളിലോ പരിശോധന നടത്താതെ ഉടമക്ക് രക്ഷപ്പെടാൻ അവസരം നൽകി എന്ന ആരോപണം ശക്തമാണ്.ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നിർമ്മാണശാലകളെ കുറിച്ച് പരാതിയിൽ കൃത്യമായി പരാമർശ്ശിച്ചിരുന്നെങ്കിലും ഇവിടെ പരിശോധന നടത്താതെ പോലീസ് ഉടമയെ സംരക്ഷിച്ചു എന്ന് ആരോപണമുണ്ട്
അനധികൃത പടക്കനിർമ്മാണശാലകളെ കുറിച്ച് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നിരവധി തവണ റിപ്പോർട്ടുകൾ നൽകിയിരുന്നു എന്നും എന്നാൽ നടപടികൾ ഉണ്ടായില്ലെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പടക്കങ്ങൾ അനധികൃതമായി സൂക്ഷിച്ച മത്രംകോട്ട് വീട്ടിൽ 66 വയസ്സുള്ള രാമചന്ദ്രനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച പടക്കങ്ങൾ പിടിച്ചെടുത്തു
