മാള : ഫുഡ് ഡെലിവറി ബോയിയെ ചീത്തവിളിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഇക്കാര്യത്തിന് പരാതി നൽകുന്നതിലുള്ള വൈരാഗ്യത്താൽ പരാതിക്കാരന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി അസഭ്യം പറയുകയും ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്ത കേസിൽ പ്രതിയെ മാള പോലീസ് അറസ്റ്റ് ചെയ്തു. മാള വടമ വില്ലേജ് മാരേക്കാട് സ്വദേശി കാടാംപറമ്പത്ത് വീട്ടിൽ ജിൻഷാദ് (30) എന്നയാളാണ് പിടിയിലായത്.

മാള വടമ വില്ലേജ് മാരേക്കാട് സ്വദേശി കാടാംപറമ്പത്ത് വീട്ടിൽ അമൽഷാ (29) എന്നയാൾക്കാണ് പരിക്കേറ്റത്. 27/06/2026-ന് പുലർച്ചെ 01.00 മണിയോടെയായിരുന്നു ആദ്യ സംഭവം. പരാതിക്കാരന് ഭക്ഷണവുമായി വന്ന ഫുഡ് ഡെലിവറി ബോയിയെ മാരേക്കാടുള്ള പരാതിക്കാരന്റെ വീടിന് മുന്നിലെ റോഡിൽ വെച്ച് പ്രതി അകാരണമായി ചീത്തവിളിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ പ്രതി പരാതിക്കാരനെ തടഞ്ഞുനിർത്തുകയും കൈകൊണ്ട് മുഖത്ത് ശക്തമായി ഇടിച്ച് മുൻനിരയിലെ പല്ല് പൊട്ടിക്കുകയും ചെയ്തിരുന്നു.

പരാതിക്കാരന്റെ ബാപ്പയുടെ ചേട്ടന്റെ മകനാണ് പ്രതി. ഈ സംഭവത്തിന് പോലീസിൽ പരാതി നൽകാൻ പോകുന്നതിലുള്ള വൈരാഗ്യത്താൽ അന്ന് വൈകീട്ട് 03.00 മണിയോടെ പ്രതി വീടിന്റെ സിറ്റൗട്ടിലേക്ക് അതിക്രമിച്ച് കയറി പരാതിക്കാരനെയും അമ്മയെയും അസഭ്യം പറയുകയും, കൈവശം കരുതിയിരുന്ന സ്ക്രൂഡ്രൈവർ പോലുള്ള ആയുധം കൊണ്ട് സിറ്റൗട്ടിലെയും മുൻവശത്തെയും ജനൽച്ചില്ലുകൾ അടിച്ചുതകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്യുകയായിരുന്നു. മാള പോലീസ് സ്റ്റേഷൻ എസ് ഐ ബാബു, ഗ്രേഡ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ബാഷി, സീനിയർ സിവിൽ പോലീസ് ഓഫീസർ (ഗ്രേഡ്) മാരായ ഏയ്ഞ്ചൽ, വിനോദ് കെ.എഫ്., സിവിൽ പോലീസ് ഓഫീസർ മാരായ സാബിർ, ജിനേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

