വായന വാരത്തോടനുബന്ധിച്ച് കുന്നംകുളം നഗരസഭയും ഏകലവ്യ സ്മാരക ലൈബ്രറിയും സംയുക്തമായി നഗരസഭാതല വായന വാരാചരണ മത്സരങ്ങൾ സംഘടിപ്പിച്ചു. കുന്നംകുളം നഗരസഭ പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്.
നഗരസഭ പരിധിയിലുള്ള എൽ.പി., യു.പി. വിഭാഗം വിദ്യാർത്ഥികൾക്കായി ആവേശകരമായ ക്വിസ് മത്സരമാണ് അരങ്ങേറിയത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായി പ്രശസ്തമായ പുസ്തകങ്ങളെ ആസ്പദമാക്കി വായനാനുഭവം എഴുതലും പങ്കുവെക്കലും മത്സരവും നടന്നു.

കെ.ആർ. മീരയുടെ ‘ഖബർ’ (നോവൽ), ബാബു എബ്രഹാമിന്റെ ‘കമ്പളിക്കണ്ടത്തെ കൽഭരണികൾ’ (ആത്മകഥ), കെ. ഉഷയുടെ ‘ഡാർവിൻ പറഞ്ഞതും ഡാർവിൻ പറയാതിരുന്നതും’ (ശാസ്ത്രം), പി.പി. രാമചന്ദ്രന്റെ ‘പേക്രോം ‘ (കവിതാ സമാഹാരം) എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു വായനാനുഭവം പങ്കുവെക്കൽ മത്സരം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ മികച്ച വായനാവിശകലന മികവ് തെളിയിക്കുന്നതായിരുന്നു മത്സരങ്ങൾ.
നഗരസഭ ടൗൺഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. വായനാശീലം കുട്ടികളിൽ വളർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ ചടങ്ങിൽ സംസാരിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ പി.ജി ജയപ്രകാശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാരായ മിഷ സെബാസ്റ്റ്യൻ, ടി. സോമശേഖരൻ, ആർഷ ജിജു, റീഡേഴ്‌സ് ഫോറം ഭാരവാഹികളായ ഗീവർഗീസ്,പി. എസ് ഷാനു, ലൈബ്രറിയൻ സിൽവിയ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.

