promo-banner-main

കുന്നംകുളത്ത്‌ പന്നി പനി സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് അധികൃതർ

കുന്നംകുളത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പിഗ് ബ്രീഡിങ് യൂണിറ്റില്‍ പന്നികളില്‍ പന്നിപ്പനി (ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍) സ്ഥിരീകരിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.ഈ രോഗം പന്നികളില്‍ മാത്രം കണ്ടുവരുന്ന ഒന്നാണെന്നും മനുഷ്യരിലേക്കോ മറ്റ് വളര്‍ത്തുമൃഗങ്ങളിലേക്കോ പകരില്ലെന്നും ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഐസക് സാം അറിയിച്ചു. അതിനാല്‍ പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.
രോഗബാധ മറ്റ് ഫാമുകളിലേക്ക് പടരുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ (എസ്.ഒ.പി) പ്രകാരമുള്ള കര്‍ശന മുന്‍കരുതല്‍ നടപടികള്‍ ജില്ലാ കളക്ടര്‍ പ്രാബല്യത്തില്‍ വരുത്തി.
ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത പ്രദേശമായും10 കിലോമീറ്റര്‍ ചുറ്റളവ്: രോഗനിരീക്ഷണ മേഖലയായും തരംതിരിച്ചു.

ഈ പ്രദേശങ്ങളില്‍ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതും, മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും, പന്നികളെ മറ്റു ജില്ലകളിലേക്ക് കൊണ്ട് പോകുന്നത് നിയന്ത്രിക്കുന്നതിനും വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്ലാന്‍ ഓഫ് ആക്ഷന്‍ പ്രകാരം സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കി.

രോഗ പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ലൗലി കെ. സഖറിയ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സാബു കെ. എ, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഐസക് സാം, അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ഡോ. സുബിന്‍ കോലാടി, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അനീഷ് രാജ്, വെറ്ററിനറി സര്‍ജന്മാരായ ഡോ. റെജിന്‍ മാത്യൂസ്, ഡോ. സുമി ചന്ദ്രന്‍, ഡോ. രാജി ടി. എ, ഡോ. അഞ്ചു മേരി എന്നിവരും ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരും അറ്റന്‍ഡന്റ്മാരും അടങ്ങുന്ന സംഘമാണ് ദ്രുത കര്‍മ്മ സേനയിലുള്ളത്.

Leave a Reply