പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആളൂർ : കൊറിയർ/പാർസൽ സർവീസുകളുടെ മറവിൽ ഓൺലൈൻ കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന സംഘത്തിനെ 6 കിലോ 50 ഗ്രാം കഞ്ചാവുമായി പിടികൂടിയ കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. 30-07-2026 തിയ്യതിയിൽ ഹൈദരാബാദിൽ നിന്നുമാണ് പാലക്കാട് അലനെല്ലൂർ സ്വദേശി പാലക്കാത്തൊടി വീട്ടിൽ അഭിഷേക് (25) എന്നയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ ആളൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.2026 ജനുവരി 24-ന് വൈകീട്ട് 05.30-ഓടെ കൊമ്പിടിഞ്ഞാമാക്കൽ വെച്ച് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 6 കിലോ 50 ഗ്രാം കഞ്ചാവുമായി ചാലക്കുടി മൂഞ്ഞേലി അമ്പൂക്കൻ വീട്ടിൽ ജിത്തു വർഗ്ഗീസ് (28), തിരുത്തിപറമ്പ് ചില്ലായി വീട്ടിൽ ഷൈൻ ഷിജു (25) എന്നിവരെ ആളൂർ പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഇവർക്ക് കഞ്ചാവ് അയച്ചുകൊടുത്ത പ്രധാന പ്രതിയായ ഇടുക്കി തൊടുപുഴ ഒളമറ്റം സ്വദേശി ചെറ്റാരിക്കൽ വീട്ടിൽ അലൻ മാത്യു (25) എന്നയാളെ തൊടുപുഴയിൽ നിന്ന് 27-07-2026 തിയ്യതിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെയും കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയായ ജിത്തു വർഗ്ഗീസുമായി അഭിഷേക് ഓൺലൈൻ വഴി പണമിടപാടുകൾ നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ്, അഭിഷേകിന്റെ നിർദേശപ്രകാരമാണ് കൊറിയർ മാർഗ്ഗം ജിത്തു വർഗ്ഗീസിന് കഞ്ചാവ് അയച്ചുകൊടുത്തതെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഷേകിനെക്കൂടി ഈ കേസിൽ പ്രതിചേർത്തത്. ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ അമൽ ജോയ്, എസ് ഐ ജെയ്സൺ, ജി എ എസ് എ മിനിമോൾ, ജി എസ് സി പി ഒ ജിബിൻ വർഗ്ഗീസ്, സി പി ഒ വിശാഖ് എന്നിവരാണ് സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
