promo-banner-main

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആഗസ്റ്റ് 3-ന് കുന്നംകുളത്ത്‌ നടക്കുന്ന “നാലാം തൂണും ഡിജിറ്റൽ കാലവും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പാനൽ സംവാദത്തിന്റെ സംഘാടക സമിതി യോഗം ചേർന്നു

കുന്നംകുളം: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആഗസ്റ്റ് 3-ന് കുന്നംകുളം മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന “നാലാം തൂണും ഡിജിറ്റൽ കാലവും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പാനൽ സംവാദത്തിന്റെ സംഘാടക സമിതി യോഗം ഡി.വൈ.എഫ്.ഐ കുന്നംകുളം ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്നു.
യോഗം സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. കെ. വാസു ഉദ്ഘാടനം ചെയ്തു. സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാലാജി, ജില്ലാ കമ്മിറ്റി അംഗം എം. എൻ. സത്യൻ, ഡി.വൈ.എഫ്.ഐ കുന്നംകുളം ഏരിയ സെക്രട്ടറി കെ. കൊച്ചനിയൻ എന്നിവർ പങ്കെടുത്ത് പരിപാടിയുടെ വിജയത്തിനാവശ്യമായ സംഘാടക പ്രവർത്തനങ്ങൾ വിലയിരുത്തുകയും വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു.
സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ ഡിജിറ്റൽ മാധ്യമങ്ങൾ സൃഷ്ടിച്ച മാറ്റങ്ങളും അതിന്റെ സ്വാധീനവും ഗൗരവമായി ചർച്ച ചെയ്യുന്ന സംവാദമാണ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യം, ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ ഉത്തരവാദിത്തം, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വളർച്ച, വാർത്തകളുടെ വിശ്വാസ്യത, വ്യാജവാർത്തകളും തെറ്റായ പ്രചാരണങ്ങളും സമൂഹത്തിൽ സൃഷ്ടിക്കുന്ന വെല്ലുവിളികൾ, നവമാധ്യമങ്ങളുടെ സാധ്യതകളും അപകടങ്ങളും ഉൾപ്പെടെയുള്ള സമകാലിക വിഷയങ്ങൾ സംവാദത്തിൽ വിശകലനം ചെയ്യും.
പ്രമുഖ മാധ്യമ പ്രവർത്തകരായ സി. പി. രാജീവ്, കെ. കെ. ഷാഹിന, മാധ്യമപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ മനീഷ് നാരായണൻ, ന്യൂസ് ഡയറക്ടർ സനീഷ് ഇളയിടത്ത് എന്നിവർ പാനൽ അംഗങ്ങളാകും. മാധ്യമ പ്രവർത്തകൻ അനൂപ് വെങ്കിടേശ്വരൻ ചർച്ച മോഡറേറ്റ് ചെയ്യും. വിവിധ മേഖലകളിൽ നിന്നുള്ള ബുദ്ധിജീവികൾ, മാധ്യമപ്രവർത്തകർ, വിദ്യാർഥികൾ, യുവജനങ്ങൾ, പൊതുപ്രവർത്തകർ എന്നിവർക്ക് സംവാദത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നതാണ് പരിപാടിയുടെ പ്രത്യേകത.
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രധാന ബൗദ്ധിക പരിപാടികളിലൊന്നായ ഈ പാനൽ സംവാദം സമൂഹത്തിൽ ഏറെ പ്രസക്തമായ ചർച്ചകൾക്ക് വഴിതെളിക്കുമെന്ന വിലയിരുത്തലാണ് സംഘാടക സമിതി യോഗം പങ്കുവെച്ചത്. പരിപാടി വൻ വിജയമാക്കുന്നതിനായി വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കാനും വിവിധ മേഖലകളിൽ നിന്നുള്ള ജനാധിപത്യ വിശ്വാസികളെയും യുവജനങ്ങളെയും പരിപാടിയിലേക്ക് അണിനിരത്താനും യോഗം തീരുമാനിച്ചു.

Leave a Reply