ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ കുന്നംകുളം നഗരസഭയുടെ സ്വപ്ന പദ്ധതിയായ തുറക്കുളം മാർക്കറ്റ് നിർമാണം എത്രയും വേഗം പുനരാരംഭിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ അറിയിച്ചു. മാർക്കറ്റ് നിർമാണത്തിന് നിയമപരമായ യാതൊരുവിധ തടസ്സങ്ങളുമില്ലെന്ന നഗരസഭയ്ക്ക് ലഭിച്ച നിയമോപദേശം ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ സമർപ്പിച്ചു.
മുമ്പ് ബി.ഒ.ടി (BOT) അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച തുറക്കുളം മാർക്കറ്റ് നിർമാണം പകുതിവഴിയിൽ നിലച്ചുപോവുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമപോരാട്ടങ്ങളും വ്യവഹാരങ്ങളും നിലനിന്നിരുന്നു. എന്നാൽ നിലവിൽ എല്ലാ വ്യവഹാരങ്ങളും തീർപ്പായിട്ടുണ്ടെന്ന് ചെയർപേഴ്സൺ വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ പദ്ധതിക്കായി ഫണ്ട് കണ്ടെത്തി നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ മറ്റ് തടസ്സങ്ങളൊന്നുമില്ല. എത്രയും പെട്ടെന്ന് തന്നെ ഒരു സ്പെഷ്യൽ കൗൺസിൽ വിളിച്ച് ചേർത്ത് മാർക്കറ്റ് നിർമാണം സംബന്ധിച്ച തുടർനടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ചെയര്‍പേഴ്സണ്‍ കൗൺസിലിനെ അറിയിച്ചു.

വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാൻ നഗരസഭ ശ്രമിക്കുമ്പോൾ, ആർ.എം.പി എന്ന രാഷ്ട്രീയ പാർട്ടി അനാവശ്യ വാദങ്ങൾ ഉന്നയിച്ച് കൗൺസിൽ യോഗം അലങ്കോലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ചെയർപേഴ്സൺ കുറ്റപ്പെടുത്തി. ദുരുദ്ദേശത്തോടുകൂടി നഗരസഭയുടെ തീരുമാനങ്ങളെ തുരങ്കം വെക്കാനാണ് ആർ.എം.പിയുടെ ശ്രമം. ഇത്തരം തർക്കങ്ങളെ തള്ളിക്കളഞ്ഞ്, എന്ത് വിലകൊടുത്തും നഗരസഭയുടെ സ്വപ്ന പദ്ധതിയായ തുറക്കുളം മാർക്കറ്റിന്റെ പ്രവർത്തനം എത്രയും വേഗം യാഥാർത്ഥ്യമാക്കുമെന്നും സൗമ്യ അനിലൻ കൂട്ടിച്ചേർത്തു.

