ചൊവ്വന്നൂർ: ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എം. നിധീഷ് അദാലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സബേറ്റ വർഗീസ്, വാർഡ് മെമ്പർമാർ, സെക്രട്ടറി വൃന്ദ വി, പഞ്ചായത്ത് ജീവനക്കാർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ഇരുപതോളം പരാതിക്കാരും എതിർവിഭാഗവും അദാലത്തിൽ ഹാജരായി. പരിഗണിച്ച 20 പരാതികളിൽ 16 എണ്ണത്തിന് അദാലത്തിൽ തന്നെ തീർപ്പുകൽപ്പിച്ചു. ശേഷിച്ച നാല് പരാതികളിൽ സ്ഥലപരിശോധന നടത്താൻ തീരുമാനിച്ചു. ഈ പരാതികളിലെ തുടർനടപടികൾ രണ്ടാംഘട്ട അദാലത്തിൽ പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാംഘട്ട പരാതി പരിഹാര അദാലത്ത് ആഗസ്റ്റ് മാസത്തിൽ സംഘടിപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എം. നിധീഷ് അറിയിച്ചു.

